അപകടത്തില്‍ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് വളഞ്ഞു. യാത്രയ്ക്കിടെ നഷ്ടമായി. അല്ലെങ്കില്‍ മോഷണംപോയി. ഇത്തരം സാഹചര്യങ്ങളില്‍ സമീപത്തെ നമ്പര്‍പ്ലേറ്റ് നിര്‍മാണ കേന്ദ്രത്തില്പോയി പുതിയത് ഉണ്ടാക്കി ഘടിപ്പിച്ചാല്‍ പ്രശ്നം തീരും എന്നാണ് പല വാഹന ഉടമകളുടെയും ധാരണ. എന്നാല്‍, 2019 ഏപ്രില്‍ ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കാര്യത്തില്‍ അത് അത്ര എളുപ്പമല്ല.
ഈ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത് ഹൈസെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് (HSRP) ആണ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് നിര്‍മിക്കുന്നത്. അതിനാല്‍ കേടായാലോ നഷ്ടമായാലോ സാധാരണ നമ്പര്പ്ലേറ്റുപോലെ എവിടെനിന്നും നിര്‍മിച്ച് ഘടിപ്പിക്കാന്‍ കഴിയില്ല. അംഗീകൃത ഡീലര്‍മാരുടെയും നിര്‍മാതാക്കളുടെയും സംവിധാനത്തിലൂടെയാണ് പുതിയ HSRP ലഭിക്കുക.
എന്താണ് HSRP?
രാജ്യത്ത് വാഹനങ്ങളുടെ രജിസ്ട്രേഷന് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സംവിധാനമാണ് HSRP. പ്രത്യേക അലുമിനിയത്തില്‍ നിര്‍മിക്കുന്ന ഈ പ്ലേറ്റില്‍ ഓരോ വാഹനത്തിനും മാത്രമുള്ള ലേസര്‍ എന്ഗ്രേവ് ചെയ്ത സീരിയല്‍ നമ്പര്‍, അശോകചക്ര ഹോളോഗ്രാം, ‘IND’ അടയാളം, ഉയര്‍ന്ന നിലവാരമുള്ള റിഫ്ലക്ടീവ് ഷീറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സ്നാപ് ലോക്കുകളോ റിവറ്റുകളോ ഉപയോഗിച്ചാണ് ഇത് വാഹനത്തില്‍ ഉറപ്പിക്കുന്നത്. അതിനാല്‍ കേടുപാടില്ലാതെ അഴിച്ചുമാറ്റാനോ മറ്റൊരു വാഹനത്തില്‍ ഘടിപ്പിക്കാനോ സാധിക്കില്ല.
മുന്നിലും പിന്നിലും ഘടിപ്പിക്കുന്ന നമ്പര്‍പ്ലേറ്റുകള്‍ക്ക് പുറമേ വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ പതിക്കുന്ന Third Registration Mark (TRM) എന്ന ടാംപര്‍-പ്രൂഫ് സ്റ്റിക്കറും HSRP സംവിധാനത്തിന്റെ ഭാഗമാണ്. വാഹനത്തിന്റെ രജിസ്ട്രേഷന് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റിക്കര്‍ വാഹനത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ സഹായിക്കുന്നു.
HSRP നഷ്ടമായാല്‍ ചെയ്യേണ്ടത്
HSRP മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആദ്യം സമീപത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതാണ് ഉചിതം. പരാതിയുടെ അംഗീകാരരേഖ ലഭിച്ചശേഷം അംഗീകൃത വാഹന ഡീലറെ സമീപിക്കണം. ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് HSRP അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
അപകടത്തില്‍ കേടായാല്‍?
കേടായ HSRP ഡീലര്‍ക്ക് കൈമാറിയ ശേഷമാണ് അതേ രജിസ്ട്രേഷന് നമ്പറിലുള്ള പുതിയ പ്ലേറ്റ് അനുവദിക്കുന്നത്. പ്ലേറ്റിന്റെ സുരക്ഷാ സവിശേഷതകള്‍ നഷ്ടപ്പെട്ടാല്‍ അത് സാധുവായി കണക്കാക്കില്ല.
വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ് മാറിയാല്‍ TRM സ്റ്റിക്കറിനും മാറ്റം
വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ് അപകടത്തില്‍ തകരുകയോ മാറ്റേണ്ടിവരുകയോ ചെയ്താല്‍ കേടായ ഗ്ലാസിന്റെ തെളിവ് ഡീലര്‍ക്ക് നല്‍കണം. ഡീലര്‍ ഇത് അധികൃതരുടെ സംവിധാനത്തില്‍ അപ്ലോഡ് ചെയ്തശേഷം പുതിയ TRM സ്റ്റിക്കര്‍ അനുവദിക്കും.
മൂന്ന് തിരിച്ചറിയല്‍ അടയാളങ്ങളും ഒരുമിച്ച് മാറ്റേണ്ടതുണ്ടോ?
HSRP വാഹനങ്ങളില്‍ മുന്നിലെ നമ്പര്‍പ്ലേറ്റ്, പിന്നിലെ നമ്പര്‍പ്ലേറ്റ്, വിന്‍ഡ്ഷീല്‍ഡിലെ TRM സ്റ്റിക്കര്‍ എന്നിങ്ങനെ മൂന്ന് തിരിച്ചറിയല്‍ ഘടകങ്ങളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് കേടായതെങ്കില്‍ അത് മാത്രം മാറ്റിസ്ഥാപിച്ചാല്‍ മതി.
കേരളത്തിലെ നിലവിലെ സ്ഥിതി
2019 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ പുതിയ വാഹനങ്ങള്‍ക്കും HSRP നിര്‍ബന്ധമാണ്. എന്നാല്‍ അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ HSRP ഘടിപ്പിക്കുന്നത് കേരളത്തില്‍ നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ല. താത്പര്യമുള്ള വാഹന ഉടമകള്‍ക്ക് അംഗീകൃത സംവിധാനത്തിലൂടെ HSRP ഘടിപ്പിക്കാം.